ചീഫ് ജസ്റ്റിസിനെതിരെ യച്ചൂരി

ഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ഇംപീച്ച്‌മെന്റ് നടപടികൾക്ക് ശ്രമിക്കുന്നതായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്തിവരികയാണ്. 29ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാർലമെന്റിൽ അവതരിപ്പിക്കാനാണ് നീക്കം.

ഏതാനും ദിവസം മുമ്പ് സുപ്രീം കോടതി നടപടികള്‍ നിര്‍ത്തിവെച്ച് കൊളീജിയം അംഗങ്ങളായ നാല് ജസ്റ്റിസുമാര്‍ ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ വാർത്താസമ്മേളനം വിളിക്കുകയായിരുന്നു. ഇതിനെ തുടർന്ന് സുപ്രീം കോടതിയിലുണ്ടായ പ്രതിസന്ധി ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ജസ്റ്റിസുമാരായ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രജ്ഞന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍ എന്നിവരാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പ്രവർത്തന രീതികളോട് പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചത്.