ആരോപണങ്ങൾക്ക് മകൻ മറുപടി പറയും : കോടിയേരി

തന്റെ മൂത്തമകൻ ബിനോയ്‌ക്കെതിരെ യാതൊരുവിധ പരാതിയുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണത്തില്‍ മകന്‍ തന്നെ മറുപടി പറയുമെന്നും കോടിയേരി പറഞ്ഞു. എകെജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദുബായിൽ 13 കോടി രൂപയുടെ തട്ടിപ്പ് നടത്തി എന്ന ആരോപണമാണ് ബിനോയ്‌ കൊടിയേരിക്കെതിരെ ഉയർന്നിരിക്കുന്നത്. ദുബായിൽ ടുറിസം മേഖലയിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ് പരാതി നൽകിയിരിക്കുന്നത്. ബിനോയ്‌ നൽകിയ ചെക്കുകൾ മടങ്ങുകയും ആൾ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തിൽ ഇന്റർപോളിന്റെ സഹായം തേടാൻ ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ നിർദ്ദേശം നൽകിയെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുകയും പണം തിരിച്ചു നൽകാമെന്ന് ബിനോയ്‌ ഉറപ്പ് നൽകുകയും ചെയ്തിരുന്നു, എന്നാൽ പിന്നീട് നടപടികളൊന്നും ഉണ്ടായില്ലെന്നുമാണ് വിവരം.

അതേസമയം കോടിയേരിയുടെ മകനെതിരെ ഉയര്‍ന്ന പരാതി ഒതുക്കി തീര്‍ക്കാന്‍ തലസ്ഥാനത്ത് തിരക്കിട്ട ശ്രമം തുടങ്ങി. ദുബൈയിലെ ടൂറിസം കമ്പനിയുടെ പ്രതിനിധി രാഹുല്‍ കൃഷ്ണ തിരുവനന്തപുരത്തെത്തി. ബിനോയ് കോടിയേരിക്കെതിരെയുള്ള പരാതി പിന്‍വലിപ്പിക്കാന്‍ ഇദേഹവുമായി സിപിഎം പ്രതിനിധികള്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ ചര്‍ച്ച നടത്തിയിരുന്നു.
സംഭവം വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും തമ്മില്‍ എകെജി സെന്ററില്‍ കൂടിക്കാഴ്ച നടത്തി. മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടർന്ന് നിയമസഭയില്‍ നിന്ന് പിണറായി നേരെ എകെജി സെന്ററില്‍ എത്തുകയായിരുന്നു.