അവർ ബിജെപി അനുകൂലികൾ എന്ന് എനിക്കും പറയാം: യച്ചൂരി

തന്നെ കോണ്‍ഗ്രസ് അനുകൂലി എന്ന് വിളിക്കുകയാണെങ്കിൽ മറ്റുള്ളവര്‍ ബിജെപി അനുകൂലികളാണെന്ന ആരോപണം തനിക്കും ഉന്നയിക്കാമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. താൻ രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്ന പ്രകാശ് കാരാട്ടിന്റെ വാദം യച്ചൂരി ഖണ്ഡിച്ചു. രാജിവെച്ചാൽ പാർട്ടിയിൽ ഭിന്നതയുണ്ടെന്ന ധാരണ ജനങ്ങളിലെത്താൻ ഇടയാകും. ത്രിപുര തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്, അതുകൊണ്ട് രാജിവെക്കരുതെന്ന് പിബി ആവശ്യപ്പെട്ടതുകൊണ്ടാണ് രാജി വെക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾക്ക് നല്‍കിയ അഭിമുഖത്തിലാണ് യെച്ചൂരി പാര്‍ട്ടിയിലെ എതിര്‍ ചേരിക്കെതിരെ ആഞ്ഞടിച്ചത്.

താന്‍ കോണ്‍ഗ്രസ് അനുകൂലിയോ, ബിജെപി അനുകൂലിയോ അല്ല. ഇന്ത്യയ്ക്കും ഇന്ത്യക്കാര്‍ക്കും വേണ്ടി വാദിക്കുന്ന ആളാണെന്നും യെച്ചൂരി പറഞ്ഞു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് ഇറക്കുന്നതിനായി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് സിപിഎം ദേശീയ നേതൃത്വത്തില്‍ ഉണ്ടായ ഭിന്നത രൂക്ഷമാകുന്നതിനിടയിലാണ് കാരാട്ട് വിഭാഗങ്ങള്‍ക്കെതിരെയുള്ള യെച്ചൂരിയുടെവിമര്‍ശനം.

‘സാഹചര്യങ്ങള്‍ വിലയിരുത്തി മാറാന്‍ കഴിയാത്തവര്‍ മാര്‍ക്സിസ്റ്റ് അല്ല. മാര്‍ക്സിസം സൃഷ്ടിപരമായ ശാസ്ത്രമാണ്. ഓരോ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വിലയിരുത്തല്‍ നടത്തുന്നതാണ് മാര്‍ക്സിസത്തിന്റെ അടിസ്ഥാന തത്വം. സാഹചര്യങ്ങള്‍ മാറുന്നതിന് അനുസരിച്ച് വിലയിരുത്തലും മാറും യച്ചൂരി വ്യക്തമാക്കി.