കോഹ്‍ലിക്ക് ഐ സി സി പുരസ്‌കാരം

ഐ സി സിയുടെ 2017ലെ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിക്ക്. ഈ പുരസ്‌കാരത്തിന് അർഹനാകുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് കോഹ്ലി. 2016ൽ രവിചന്ദ്ര അശ്വിൻ ആയിരുന്നു മികച്ച ക്രിക്കറ്റ്‌ താരം. സച്ചിനും രാഹുൽ ദ്രാവിഡുമാണ് ഈ ബഹുമതി നേടിയിട്ടുള്ള മറ്റു രണ്ടു ഇന്ത്യൻ താരങ്ങൾ. ഏകദിന ക്രിക്കറ്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഉൾപ്പടെ നാല് പുരസ്‌കാരങ്ങൾ കോഹ്‌ലിക്കാണ്. 2012ലും കോഹ്‌ലിയെ മികച്ച ഏകദിന താരമായി തിരഞ്ഞെടുത്തിരുന്നു.
ഐ സി സിയുടെ ഏകദിന ടെസ്റ്റ്‌ ടീമുകളുടെ ക്യാപ്റ്റനായും കോഹ്‌ലിയെ തിരഞ്ഞെടുത്തു. 2016 സെപ്റ്റംബർ 21മുതൽ 2017 ഡിസംബർ 31വരെയുള്ള പ്രകടനമാണ് പുരസ്‌കാരത്തിനായി ഐ സി സി പരിഗണിച്ചത്. ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ്‌ പരമ്പര 2-0നു നഷ്ട്ടമായിരിക്കുന്ന ഘട്ടത്തിലാണ് ഇന്ത്യൻ ക്യാപ്റ്റനെ തേടി ഐ സി സിയുടെ പുരസ്‌കാരങ്ങൾ എത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ ബാറ്റിംഗ് നിര പരാജയപെട്ടപ്പോഴും കോഹ്ലി സെഞ്ച്വറിയുമായി തന്റെ ഫോം നിലനിർത്തിയിരുന്നു. റിക്കി പോണ്ടിങ്ങിനും ധോണിക്കും ശേഷം ആദ്യമായാണ് ഒരു ക്യാപ്റ്റൻ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം നേടുന്നത്.
ഓസ്ട്രേലിയയുടെ നായകൻ സ്റ്റീവ് സ്മിത്താണ് ടെസ്റ്റ്‌ ക്രിക്കറ്റിലെ മികച്ച താരം. മികച്ച ട്വന്റി20 പ്രകടനത്തിനുള്ള പുരസ്‌കാരം യുസ്‌വേന്ദ്ര ചാഹലിന് ലഭിച്ചു. പാകിസ്താന്റെ ഹസ്സൻ അലിക്കാണ് എമെർജിംഗ്‌ ക്രിക്കറ്റർ പുരസ്‌കാരം. വനിതാ ഏകദിന ട്വന്റി20 ക്രിക്കറ്ററായി ന്യൂസിലൻഡിന്റെ സൂസി ബെയ്റ്റ്സിനെ തിരഞ്ഞെടുത്തു.