ഹാദിയ കേസ്: വിവാഹം ചോദ്യം ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി

ഹാദിയുടെ വിവാഹം എന്‍ഐഎയ്ക്കു ചോദ്യം ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി. വിവാഹം സ്വന്തം ഇഷ്ടപ്രകാരമാണെന്നു ഹാദിയ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഹാദിയുടെ വിവാഹം എന്‍ ഐ എ അന്വേഷണത്തിൽ ഉൾപ്പെടുത്തേണ്ടതില്ല. എന്നാൽ ഭര്‍ത്താവ് ഷെഫിന്‍ ജഹാനുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ എന്‍ ഐഎയ്ക്കു അന്വേഷണം തുടരാം. വിവാഹവും എൻ ഐ എ അന്വേഷണവും രണ്ടു വിഷയമാണെന്നും, വിവാഹം റദ്ദാകാനില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ആരുടെ കൂടെ ജീവിക്കണമെന്നു ഹാദിയ്ക്കു തന്നെ തീരുമാനിക്കാം. മാതാപിതാക്കള്‍ക്ക് ഒപ്പം ജീവിക്കണമെന്നു പ്രായപൂര്‍ത്തിയായ പെൺകുട്ടിയെ നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഷെഫിൻ ജഹാന്റെ ഹർജിയിൽ ഹാദിയയെ കക്ഷി ചേര്‍ത്ത കോടതി കേസ് ഫെബ്രുവരി 22 ലേക്ക് മാറ്റി. കേസിൽ കക്ഷിയായ ഹാദിയയ്ക്ക് ഇനി സ്വന്തം അഭിഭാഷകനെ വെച്ച് വാദിക്കാം. മാതാപിതാക്കളുടെ സംരക്ഷണത്തില്‍ ആയിരുന്ന ഹാദിയയെ കോടതിയുടെ ഇടക്കാല ഉത്തരവിൽ സേലത്ത് പഠിക്കാന്‍ അനുവദിക്കുകയായിരുന്നു. 2017 നവംബർ 27ലെ ഇടക്കാല ഉത്തരവിന് ശേഷമുള്ള വാദമാണ് സുപ്രീം കോടതിയില്‍ ഇന്ന് നടന്നത്. സേലത്തെ ശിവരാജ് ഹോമിയോപതി മെഡിക്കല്‍കോളജിലാണ് ഹാദിയ ഹൗസ് സര്‍ജന്‍സി ചെയ്യുന്നത്.