ഇഞ്ചുറി ടൈമിൽ ബ്ലാസ്റ്റേഴ്സിന് ജയം

പുണെ: ആദ്യനാലിൽ ഇടം പിടിക്കാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് 2-1ന്റെ തകർപ്പൻ വിജയം. എഫ്സി പുണെ സിറ്റിയെ അവരുടെ മൈതാനത്ത് വെച്ചാണ് ബ്ലാസ്റ്റേഴ്‌സ് തകർത്തുവിട്ടത്. 13 മത്സരങ്ങളിൽ 17 പോയിന്റ് മാത്രം ഉണ്ടായിരുന്ന ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരം നിർണ്ണായകമായിരുന്നു.

വളരെ ഒത്തിണക്കത്തോടെയുള്ള കളിയാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇന്ന് പുറത്തെടുത്തത്. ആദ്യപകുതിയിൽ ഇയാൻ ഹ്യൂമിനു പരിക്കുപറ്റി പുറത്തു പോകേണ്ടിവന്നത് കേരളത്തിന്റെ ആരാധകരിൽ നിരാശയുണ്ടാക്കി. എന്നാൽ രണ്ടാം പകുതിയിലെ അൻപത്തിഒൻപതാം മിനുട്ടിൽ ജാക്കിചന്ദ് സിങ് കേരളത്തിന്‌ ആദ്യ ഗോൾ സമ്മാനിച്ചു. ഹ്യൂമിനു പകരമെത്തിയ ഗുഡയാൻ ബാവിൽസൺ നൽകിയ പാസ്സാണ് ജാക്കിചന്ദ് വലയിലെത്തിച്ചത്.

78-ാം മി്‌നിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഗോളി സുബാസിഷ് റോയിയുടെ ഫൗളിന് റഫറി നല്‍കിയ പെനാല്‍റ്റിയിലൂടെ പുണെയുടെ സമനിലഗോള്‍ പിറന്നു. കിക്കെടുത്ത എമിലിയാനോ അല്‍ഫാരോ പിഴവുകൂടാതെ പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഓരോ ഗോള്‍ വീതം നേടി സമനിലയിലേക്ക് നീങ്ങിയിരുന്ന കളിയില്‍ ഇഞ്ചുറി ടൈമില്‍ ഒരു മിനുട്ട് ബാക്കിനിൽക്കെ മലയാളി താരം സികെ വിനീത് നേടിയ ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന് വിജയം സമ്മാനിച്ചത്.

ജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് 20 പോയന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി. ഇനിയുള്ള മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്താല്‍ ബ്ലാസ്റ്റേഴ്‌സിന് ഐഎസ്എല്‍ നാലാം സീസണ്‍ സെമി ഉറപ്പിക്കാം.
പുണെ ശ്രീ ശിവ ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തിലായിരുന്നു മത്സരം.