അണ്ടർ 19 ലോകകപ്പ്: ഇന്ത്യക്ക് നാലാം കിരീടം

മൗണ്ട് മൗഗ്‌നുയി: കൗമാര ലോകകപ്പിന്റെ കലാശ പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ കീഴടക്കിയ ഇന്ത്യക്ക് കിരീടം. ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ലോകകപ്പ് സന്തമാക്കിയത്. ഓസ്‌ട്രേലിയയുടെ 216 റൺസ് പിന്തുടർന്ന ഇന്ത്യ 67 പന്ത് ബാക്കി നിൽക്കെയാണ് ലക്ഷ്യം മറികടന്നത്. തകർപ്പൻ സെഞ്ച്വറി നേടിയ മൻജോത് കർളയാണ് ഇന്ത്യയ്ക്ക് ഉജ്വല വിജയം സമ്മാനിച്ചത്. കർള 102 പന്തിൽ 8 ഫോറും 3സിക്സും അടക്കം 101 റൺസെടുത്തു.

ഇതോടെ നാല് വട്ടം അണ്ടർ 19 ലോകകപ്പ് നേടുന്ന ആദ്യ ടീമെന്ന ചരിത്ര നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. 2000, 2008, 2012 വര്‍ഷങ്ങളിലാണ് ഇന്ത്യ ഇതിന് മുമ്പ് ലോകകപ്പ് സ്വന്തമാക്കിയത്. 2016ലും ഇന്ത്യ ഫൈനലിൽ എത്തിയിരുന്നെങ്കിലും വിൻഡീസിനോട് പരാജയപ്പെടുകയായിരുന്നു.

നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ 47.3 ഓവറില്‍ 216 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. 32 റണ്‍സെടുക്കുന്നതിനിടയില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 14 റണ്‍സെടുത്ത ബ്രയന്റിനെ പൊറെല്‍ പുറത്താക്കി. പിന്നാലെ 28 റണ്‍സുമായി എഡ്വാര്‍ഡും 13 റണ്‍സെടുത്ത സാംഗയും കൂടാരം കയറി. ഉപ്പല്‍ 34 റണ്‍സെടുത്തു മടങ്ങി. സതർലാൻഡ് 5ഉം ഹോര്‍ട്ട് 13ഉം റണ്‍സെടുത്തു പുറത്തായി. ഇവാന്‍സിനും ഹാള്‍ഡിക്കും രണ്ടക്കം കടക്കാനായില്ല. 102 പന്തില്‍ 76 റണ്‍സെടുത്ത ജൊനാഥാന്റെ പ്രകടനമാണ് ഓസ്‌ട്രേലിയയ്ക്ക് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്. അഞ്ചു റൺസ് എടുക്കുന്നതിനിടെയാണ് ഓസ്‌ട്രേലിയയുടെ അവസാന 4 വിക്കറ്റുകൾ വീണത്.

പോറെല്‍, ശിവ സിങ്ങ്, നാഗര്‍കോട്ടി, റോയ് എന്നിവർ 2 വീതം വിക്കറ്റുകൾ വീഴ്ത്തി.
ഓസ്‌ട്രേലിയ ഉയര്‍ത്തിയ 217 റണ്‍സ് വിജയക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അനായാസം മറികടക്കുകയായിരുന്നു. ഇന്ത്യയ്ക്കായി പൃത്ഥിഷാ 41 പന്തിൽ 29ഉം ഗില്‍ 31ഉം റണ്‍സെടുത്ത് പുറത്തായി. പിന്നീട് വന്ന വിക്കറ്റ് കീപ്പർ ഹർവിക് ദേശായിയെ കൂട്ടുപിടിച്ച് കർള ഇന്ത്യയെ അനായാസം വിജയത്തിൽ എത്തിക്കുകയായിരുന്നു. ഹർവിക് ദേശായി 61 പന്തിൽ 47 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

തോൽവി അറിയാതെയാണ് ഇന്ത്യ കിരീട നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ കളിയിൽ ഓസ്‌ട്രേലിയയെ 100റൺസിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ക്വാർട്ടറിൽ ബംഗ്ലാദേശിനോട് 131 റൺസിനും, സെമിയിൽ പാകിസ്താനോട് 203റൺസിനും വിജയിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തിയത്.